.തൃശൂർ (Thrissur) : എലിക്കോട് ആദിവാസി കോളനി (Elikode Tribal Colony) ക്ക് സമീപം പാലപ്പിള്ളി (Palapilly)യിൽ വീണ്ടും പുലിയിറങ്ങി. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ (Forest Department officials) സ്ഥലത്തെത്തി പരിശോധന നടത്തി.
ആഴ്ചകൾക്ക് മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം (Echipara, Kundi, Valiyakulam) പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കും ആദിവാസി കോളനികൾക്കും സമീപത്തായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പുലിയിറങ്ങി പശുക്കളെ ആക്രമിക്കുന്നത് പതിവായ സാഹചര്യത്തിൽ പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.