തൃശൂര്‍ (Thrissur) : ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. (Locals say they saw a leopard again in Chalakudy.) വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു വലിച്ചു. കാടുകുറ്റി പഞ്ചായത്തില്‍ കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. ആക്രമണത്തില്‍ നായയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പുലിയുടെ കാല്‍പാടുകളും വീട്ടുപരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി, കൊരട്ടി മേഖലയില്‍ പുലിയെ കാണുന്നതായി നാട്ടുകാര്‍ നിരന്തരം പറയുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചാലക്കുടിയില്‍ നിന്നും പുലി കാടുകുറ്റി ഭാഗത്തേക്ക് കടന്നിരാക്കാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പുലികളുണ്ടെന്ന സംശയവും വനംവകുപ്പ് തള്ളികളയുന്നില്ല.