Monday, October 27, 2025

കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച് തൃശൂരിൽ നിന്ന് വിനോദയാത്ര പോയ സ്‌കൂൾ വിദ്യാർത്ഥികൾ

Must read

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ എക്സൈസ് ഓഫീസില്‍ കയറി തീ ചോദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വണ്ടികള്‍ കൂട്ടിയിട്ടിരുന്നതിനാല്‍ വര്‍ക്ക് ഷോപ്പാണെന്ന് കരുതിയാണ് വിദ്യാര്‍ത്ഥികള്‍ എക്സൈസ് ഓഫീസിലേക്ക് കഞ്ചാവുമായി കയറിച്ചെന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ശേഷം അദ്ധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. തൃശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദ യാത്ര പോകുന്ന സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് എക്സൈസ് ഓഫീസിലേക്ക് കയറിച്ചെന്നത്.

അദ്ധ്യാപകര്‍ക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാര്‍ത്ഥികള്‍ കാട് പിടിച്ച ഒരു കെട്ടിടത്തിന് സമീപത്തേക്ക് പോയി. ആ കെട്ടിടം എക്സൈസ് ഓഫീസാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നു. നിരവധി വാഹനങ്ങള്‍ അവിടെ കൂട്ടിയിട്ടിരുന്നു. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടെ ഒരു കെട്ടിടത്തിന്റെ വാതില്‍ തുറന്ന് തീപ്പെട്ടി ചോദിച്ചപ്പോഴാണ് അതൊരു എക്സൈസ് ഓഫീസാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലായത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും കഞ്ചാവ് ലഭിക്കുന്നത്.അഞ്ച് ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും ഇവ നിറയ്ക്കാനുള്ള പേപ്പറുകളും എക്സൈസ് ഇവരുടെ കയ്യില്‍ നിന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ എക്സൈസിന് ഇവരെ അധിക നേരം കൈവശം വയ്ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കേസ് എടുത്ത് റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. കൗണ്‍സിലിംഗ് നടത്തി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ അടക്കം വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article