തൃശൂര്‍ : ചരിത്രത്തിലാദ്യമായി പൂരം നിര്‍ത്തിവെച്ചു. രാത്രിപ്പൂരത്തിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായി.
പൊലീസിന്റെ നടപടികള്‍ അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിര്‍ത്തിവച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി. പിന്നീട്
പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. പകല്‍വെളിച്ചത്തില്‍ വെടിക്കെട്ട് നടത്തിയതിനാല്‍ വെടിക്കെട്ടിന്റെ വര്‍ണശോഭ ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്ക് സാധിച്ചില്ല.
പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈര്‍ഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതര്‍ എത്തുകയാണെങ്കില്‍ പൂരപ്രേമികള്‍ക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കില്‍ ഉപചാരം ചൊല്ലി പിരിയല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വൈകുന്നതിന് കാരണമാകും.