കൊല്ലം (Quilon) : കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. (A three-year-old boy died after falling into a well in Kottarakkara.) വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു.
ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. കിണറിന്റെ ചുറ്റുമതിൽ ഉയരം കുറഞ്ഞതായിരുന്നു. കിണറ്റിനുള്ളിലേക്ക് എത്തിനോക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണു എന്നാണ് കരുതുന്നത്.
സമീപത്ത് ജോലി ചെയ്തിരുന്ന പെയ്ന്റിങ് തൊഴിലാളികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. വളരെ ആഴമുള്ള കിണറായിരുന്നു ഇത്. പിന്നീട് ഉടൻ വീട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.