തൃശ്ശൂര്‍: പൂരം കലക്കലുമായി ബന്ധപ്പെട്ടുളള എ.ഡി.ജി.പി. അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തിരുവമ്പാടി ദേവസ്വം. സ്വന്തം വീഴ്ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് സംവിധാനത്തിന് തന്നെ നാണക്കേടാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും തിരുവമ്പാടി ദേവസ്വം പ്രതിനിധി ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രതിനിധികളാണ് പൂരം കലക്കിയതെന്ന റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇത്രയും ഫോഴ്സ് ഉപയോഗിച്ച് ഇത്രയും സമയമെടുത്ത് മന്ത്രിതലത്തില്‍ ഉള്‍പ്പെടെ അന്വേഷണങ്ങള്‍ നടത്തിയിട്ടും പൂരം കലക്കലിന് പിന്നിലെ കാരണം കണ്ടെത്തായില്ലെങ്കില്‍ കേരള പോലീസ് വന്‍ പരാജയമാണെന്ന് ഗിരീഷ് കുറ്റപ്പെടുത്തി.
ഇനി ഈ കേസ് കേരള പോലീസല്ല അന്വേഷിക്കേണ്ടത്. ഇനി വേണ്ടത് സി.ബി.ഐ. അന്വേഷണമാണ്. ആരാണ് തെറ്റുചെയ്തതെന്ന് സി.ബി.ഐ. കണ്ടുപിടിക്കട്ടെയെന്നും ഗിരീഷ് പറഞ്ഞു. ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തിരുവമ്പാടി ദേവസ്വം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി ദേവസ്വം ബോര്‍ഡിനെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തത്പരകക്ഷികളുമായി ചേര്‍ന്ന് പൂരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പൂരം കലക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു