കോഴിക്കോട് (Calicut) : കോഴിക്കോട് കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. (The accused has been arrested in the incident of theft of Onam bumper lottery tickets from the lottery stall at Koyilandy bus stand in Kozhikode.) കാസർകോട് സ്വദേശി അബ്ബാസ് (59) ആണ് പിടിയിലായത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ 57 ഓണം ബംബർ ടിക്കറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്. 28500 രൂപ വിലവരുന്നതാണ് ഈ ടിക്കറ്റുകൾ.
ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മുസ്തഫ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടു ദിവസം മുന്‍പും ടിക്കറ്റുകള്‍ കളവുപോയതായി മുസ്തഫയുടെ പരാതിയില്‍ ഉണ്ട് . കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൊയിലാണ്ടി പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
തിരക്കുള്ള സമയത്താണ് ഇയാൾ കടയിലെത്തി മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾക്കിടയിൽനിന്ന് ആദ്യം ഒരുകെട്ട് ലോട്ടറി കൈയ്യിലെടുക്കുകയും അതിൽനിന്ന് കുറച്ച് ടിക്കറ്റുകൾ എടുത്ത് അരയിൽ ഒളിപ്പിക്കുന്നത് ദൃശ്യത്തിൽ കാണാം.
തിങ്കളാഴ്ച രാത്രി കാസർകോടുനിന്നുമാണ് അബ്ബാസിനെ പോലീസ് പിടികൂടിയത്. ഇയാളെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞമാസവും ഈ ലോട്ടറി സ്റ്റാളിൽനിന്ന് ടിക്കറ്റുകൾ മോഷണംപോയിരുന്നു.