പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹന്നാന്റെ മരണ കാരണമായ വാഹനാപകടത്തെ സഭാ നേതൃത്വം ചര്‍ച്ചകളിലൂടെ വിവാദത്തിലാക്കില്ല. അസ്വാഭാവികതയൊന്നും അപകടത്തില്‍ ഇല്ലെന്നാണ് സഭയുടെ പ്രാഥമിക വിലയിരുത്തല്‍. ഒരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടാനാണ് മുതിര്‍ന്ന ബിഷപ്പുമാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ധാരണ. അമേരിക്കയിലാണ് അപകടം നടന്നത്. അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന അന്വേഷണവുമായി സഭ സഹകരിക്കും. അമേരിക്കന്‍ പോലീസ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും വരെ വിവാദങ്ങളിലേക്ക് അപകടത്തെ കൊണ്ടു പോകില്ല.
മെത്രാപോലീത്തയുടെ സംസ്‌കാര ചടങ്ങുകള്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് തന്നെയെന്ന് സൂചന. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍ ക്രമീകരിക്കുക. അപകടത്തില്‍ ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്നാണ് സഭയുടെ നിലപാട്. അതിനിടെ അത്തനേഷ്യസ് യോഹാന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് നല്കിയ സേവനങ്ങളിലൂടെയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നല്കിയ സംഭാവനകളിലുടെയും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനം കിട്ടിയതു കൊണ്ട് തന്നെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സഭയുടെ നിലപാട്. ആദ്യം അജ്ഞാത വാഹനമാണ് ഇടിച്ചെതന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ഒരു വ്യക്തിപരമായ ശത്രുക്കള്‍ മെത്രോപോലീത്തയ്ക്കുണ്ടായിരുന്നു.
അമേരിക്കയിലും പലവിധ നിയമ നടപടികള്‍ നേരിട്ടിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ച് വീണ്ടും കരുത്തനായി മാറുമ്പോഴാണ് കെപി യോഹന്നാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മെത്രാപോലിത്ത അപകടത്തില്‍ മരിക്കുന്നത്. യുഎസിലെ ഡാലസില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡാളസിലെ ബിലീവേഴ്‌സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ അതി വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാല്‍ അത് വിജയമായില്ല. നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും അമേരിക്കയിലെത്തിയത്. അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ കുടുംബത്തില്‍ ജനിച്ച കെ പി യോഹന്നാന്‍ 16 ാം വയസ്സിലാണ് ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയുടെ ഭാഗമാവുന്നത്. അമേരിക്കയില്‍ വൈദിക പഠനത്തിന് ചേര്‍ന്ന യോഹന്നാന്‍ 1974 ല്‍ അമേരിക്കയിലെ ഡാലസില്‍ തിയോളജി പഠനം ആരംഭിച്ചു.
ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളെജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാന്‍ നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുമായിരുന്നു. 1983ലാണ് തിരുവല്ല നഗരത്തിനു ചേര്‍ന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നല്‍കിയത്. 1990 ല്‍ സ്വന്തം സഭയായ ബിലിവേഴ്സ് ചര്‍ച്ചിന് രൂപം നല്‍കി. 2003 ലാണ് സ്ഥാപക ബിഷപ്പായത്. ജര്‍മന്‍ സുവിശേഷകയായ ഗിസിലയാണ് ജീവിതപങ്കാളി.
തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേര്‍ന്ന് ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിള്‍ കോളജുകള്‍ ഉള്‍പ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയില്‍ 200 ഏക്കര്‍ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങള്‍ രചിച്ചു. യുഎസിലും കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാര്‍ഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പരിപാടിയാണ്.