തിരുവനന്തപുരം (Thiruvananthapuram) : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ കേന്ദ്ര-സംസ്ഥാന തര്‍ക്കം. (Centre-state dispute over opening of B vault in Sree Padmanabhaswamy temple.) ഇന്നലെ നടന്ന ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെയും ഭരണ സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായ എം. വേലപ്പന്‍ നായര്‍ ആണ് ‘ബി’ നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ബിജെപി നേതാവ് കരമന ജയന്‍ ഇതിനെതിരെ രംഗത്തെത്തി. ബി നിലവറ തുറക്കല്‍ ആചാര വിരുദ്ധമാണെന്നും അത്തരമൊരു ആലോചന ഇല്ലെന്നും കരമന ജയന്‍ വ്യക്തമാക്കി.
ഭരണസമിതിക്ക് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. ആചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണ്. ബി നിലവറ ദേവചൈതന്യം കുടികൊള്ളുന്ന സ്ഥലമാണെന്നാണ് 2011ല്‍ ദേവപ്രശ്‌നത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണ്. നവംബര്‍ 19ന് മുറജപം തുടങ്ങാന്‍ പോകുകയാണ്. 2016 ജനുവരി 14ന് ലക്ഷദീപം. അതുമായി ബന്ധപ്പെട്ട തിരക്കേറിയ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും കരമന ജയന്‍ പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. ഇതില്‍ ഒന്നാണു കൂറ്റന്‍ കരിങ്കല്‍ വാതിലുകള്‍ കൊണ്ട് പ്രവേശനം തടഞ്ഞിരിക്കുന്ന ബി നിലവറ. ക്ഷേത്രത്തിന്റെ ഭരതക്കോണിലാണു ബി നിലവറ. അഗസ്ത്യമുനിയുടെ സമാധി സങ്കല്‍പം ഉള്ളയിടം കൂടിയാണ് ഇവിടം. രണ്ടു തട്ടുകളായുള്ള ബി നിലവറ അടച്ചിരിക്കുന്നതു കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചാണ്. ഇതു തുറക്കാന്‍ നിലവില്‍ സംവിധാനമില്ല. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുമെന്ന വാദം ഉയരുന്നുണ്ട്. വാതിലിനു മുകളില്‍ കൊത്തിവെച്ചിരിക്കുന്ന നാഗത്തിന്റെ ചിത്രം പലവിധ കഥകള്‍ക്കും ഇടയാക്കിയിരുന്നു.
ബി നിലവറയുടെ രണ്ടാമത്തെ അറ ഗര്‍ഭഗൃഹത്തിന്റെ (ശ്രീകോവിൽ) അടിഭാഗം വരെ എത്തുമെന്നാണു വിശ്വാസം. ചരിവു പ്രതലത്തിലൂടെ ആയാസപ്പെട്ടു മാത്രമേ ഇവിടേക്കു കടക്കാന്‍ കഴിയൂ. കൂടാതെ കൂറ്റന്‍ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചു രണ്ടാമത്തെ അറയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ബി ഒഴികെയുള്ള നിലവറകള്‍ മുന്‍പു തുറന്നു കണക്കെടുപ്പു നടത്തിയിട്ടുണ്ട്. 2011 ജൂണ്‍ 30നാണ് അവസാനമായി ബി നിലവറ തുറക്കാന്‍ ശ്രമിച്ചത്. പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞു നിലവറയില്‍ രക്തം വീണതോടെ ശ്രമം ഉപേക്ഷിച്ചു.
ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടി, രത്‌നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവയാണ് എ നിലവറയില്‍നിന്നു ലഭിച്ചത്. ഇതുപോലെ ധനശേഖരം ബിയിലും ഉണ്ടാകുമെന്നാണു കരുതുന്നത്.
ശ്രീകോവിലില്‍ ദേവപ്രതിഷ്ഠയുടെ ശിരസ്സിന്റെ ഭാഗത്താണ് പ്രധാനപ്പെട്ട എ, ബി നിലവറകള്‍ സ്ഥിതി ചെയ്യുന്നത്. സര്‍പ്പങ്ങള്‍ കാവല്‍നില്‍ക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവര്‍ മരിക്കുമെന്നും വിവിധ കഥകളുണ്ട്. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി മുന്‍പ് പറഞ്ഞതിങ്ങനെ: ‘അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഈ അറയ്ക്കപ്പുറം ഒരു വാതിലുണ്ട്. അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതില്‍ തുറന്നിട്ടില്ല. അത് എന്തുകൊണ്ടാണെന്നു ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ആ കതകിനപ്പുറം എന്താണെന്നു രാജകുടുംബത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ആര്‍ക്കും തന്നെ അറിയില്ല. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ആവാഹന ശക്തിയുടെ പ്രവാഹമുണ്ടാകും. അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും അതായിരിക്കും. നാം അറിയാത്ത പല രഹസ്യങ്ങളും പ്രപഞ്ചത്തിലുണ്ട്’.