വയനാട് (Wayanad) : വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലായാണു തിരച്ചിൽ നടക്കുന്നത്. ചാലിയാറിലെ തിരച്ചിലും നാളെ അവസാനിപ്പിക്കുമെന്നാണു വിവരം. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറി. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവമത പ്രാർഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാലു മൃതദേഹങ്ങളാണു ദുരന്തഭൂമിയിൽനിന്നും കണ്ടെടുത്തത്.
ഇന്നലെയും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചാലിയാറിൽനിന്ന് ഇന്നലെ കണ്ടെത്തിയതു 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തിരച്ചിൽ നടത്താനാണു തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധനയുണ്ടാകും. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരാണ് കഴിയുന്നത്.