വർക്കല (Varkala) : വർക്കലയിലെ തണൽമരങ്ങൾ യാത്രക്കാരെ അപകട ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. റോഡരികിലെ ഉണങ്ങി ദ്രവിച്ച തണൽമരങ്ങളാണ് അപകട ഭീഷണിയുയർത്തുന്നത്. റെയിൽവേ സ്റ്റേഷനു സമീപത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള തണൽമരങ്ങളിൽ പലതും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റുന്നതിനായി റെയിൽവേ നമ്പർ ഇട്ടിട്ടുള്ള മരങ്ങളിൽ പലതും ഒടിഞ്ഞും കടപുഴകി വീണും അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നുള്ള നാട്ടുകാരുടെ പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തു നിന്ന പടുകൂറ്റൻ ആൽമരത്തിന്റെ പടർന്നു പന്തലിച്ച ഒരു ശിഖരം കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. ഒടിഞ്ഞുവീണത് പുലർച്ചയായതിനാൽ വൻ അപകടം ഒഴിവായി. ശിഖരം വീണപ്പോൾ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ബോർഡുകൾക്ക് മാത്രമാണ് കേടുപാട് സംഭവിച്ചത്.
സാധാരണ മരച്ചുവട്ടിലായി ട്രെയിൻ യാത്രക്കാരുടെ നിരവധി കാറുകളും നൂറോളം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാറുള്ളതാണ്. വരിയോര കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നവരും പിന്നെ യാത്രക്കിടയിൽ തണൽപറ്റി അൽപം വിശ്രമിക്കുന്നവരുമായി വലിയ ആൾക്കൂട്ടവും മരച്ചുവട്ടിലുണ്ടാകും. എന്നാൽ, മരം ഒടിഞ്ഞത് പുലർച്ചയായതിനാൽ അപകടം ഒഴിവാകുകയായിരുന്നു.