രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവച്ച പോസ്‌റ്റ് ചർച്ചയായി. തന്റെ 18 വർഷത്തെ പൊതു പ്രവർത്തനത്തിന് വിരാമമാകുന്നുവെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചത്. സത്യപ്രതിജ്‌ഞച്ചടങ്ങിന് അരമണിക്കൂർ മുൻപ് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു. തിരുവനന്തപുരം എം പി ശശി തരൂരിന്റെ പ്രതികരണം കൂടി കൂടി വന്നതോടെ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
’18 വർഷത്തെ പൊതുപ്രവർത്തനത്തിന് വിരാമമാകുന്നു’. തിരഞ്ഞെടുപ്പ് തോറ്റയാളെന്ന നിലയിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് കരുതിയതല്ല, പക്ഷേ അങ്ങനെ സംഭവിച്ചുവെന്നും ആദ്യം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ബിജെപി പ്രവർത്തകനായി തുടരുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതു വ്യാപക ചർച്ചയായി പൊതുപ്രവർത്തനത്തിലൂടെ താങ്കൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഔദ്യോഗിക സ്‌ഥാനങ്ങൾ അതിലേക്കുള്ള ഒരു വഴി മാത്രമാണെന്നും ശശി തരൂർ മറുപടിയായി എക്‌സിൽ കുറിച്ചു.
പോസ്റ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായതോടെ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. എംപിയായുള്ള 18 വർഷത്തെ ജീവിതമാണ് അവസാനിച്ചതെന്നും തന്റെ ടീമിലെ ഒരംഗം എഴുതിയ പോസ്‌റ്റ് ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. നേരത്തെ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രമന്ത്രിസ്‌ഥാനം ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.