വാണിയപ്പാറയിലും പരിസരത്തും ഒരാഴ്ചയായി ഭീതിപരത്തുന്ന വന്യജീവി സാന്നിധ്യം
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിലും പരിസരത്തും കഴിഞ്ഞ ഒരാഴ്ചയായി ഭീതിപരത്തുന്ന വന്യജീവി പുലിതന്നെയെന്ന് ഉറപ്പിച്ച് നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് കളിത്തട്ടുംപാറയിൽ പീടികക്കുന്നിൽ റോഡരികിൽ മണ്ണുരാംപറമ്പിൽ ബിനു പുലിയെ കണ്ടത്. പുലിയിൽ നിന്നും 50 മീറ്റർ ദൂരത്തിൽ അകപ്പെട്ടുപോയ ബിനു തനിച്ചായിരുന്നു ജീപ്പിൽ. വാഹനത്തിന്റെ വെളിച്ചവും ശബ്ദവും കേട്ടിട്ടും പുലി രണ്ട് മിനിറ്റോളം വാഹനത്തിന് നേരെ നിന്നതായി ബിനു പറയുന്നു.
ഒടുവിൽ റോഡിന്റെ മൺതിട്ട ചാടിക്കയറി പീടികക്കുന്നിലേക്ക് തിരികെ കയറിപോയതോടെ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അവിടെ നിന്നും ബിനു രക്ഷപ്പെടുകയായിരുന്നു. ഇതേ പുലി തന്നെയാകാം കഴിഞ്ഞ ദിവസം അട്ടോളിമലയിലെ താമസക്കാരനായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ആക്രമിച്ചത് എന്ന നിഗമനത്തിലാണ് നാട്ടുകാർ.
വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ട് ബഹളം വെച്ചതുകൊണ്ടാണ് അന്ന് നായ രക്ഷപ്പെട്ടത്. പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ട് എന്നതിന്റെ തെളിവായി നാട്ടുകാർ പറയുന്നത് ഇപ്പോൾ ഇവിടങ്ങളിൽ കാട്ടുപന്നി എത്താറില്ല എന്നതാണ്. പുലി ഇറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ പടക്കം പൊട്ടിച്ച് പുലിയെ തുരത്താനും ശ്രമിച്ചിരുന്നു.