തിരുവനന്തപുരം (Thiruvananthapuram) : ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. (The investigation into Govindachamy’s jailbreak has been handed over to the State Crime Branch.) നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടേയും സഹായം ലഭിച്ചില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന് പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.
ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാന് ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ജയിൽ ചാടിയതിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.