തിരുവനന്തപുരം (Thiruvananthapuram) : അങ്കണവാടി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. (The indefinite strike that Anganwadi workers had been holding in front of the secretariat has ended.) ധനമന്ത്രിയുമായുള്ള ചർച്ചകൾക്കൊടുവിൽ ലഭിച്ച ഉറപ്പുകളിലാണ് സമരം നിർത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ രാപ്പകൽ സമരം ആരംഭിച്ചിട്ട് 13 ദിവസമാകുന്നു. മൂന്ന് മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു. വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇവരുടെ സമരം.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലുമായി സമരക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്നലെ സമരസമിതിക്ക് കൈമാറി. മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം നിർത്തുന്നതെന്നാണ് സമര സമിതി അറിയിക്കുന്നത്.