കോട്ടയം (Kottayam) : സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിലെ റാഗിങുമായി ബന്ധപ്പെട്ട് കോളജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. (The health department has taken action against the college authorities regarding ragging in the government nursing college hostel.) പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചത് അജീഷ് പി മാണിയായിരുന്നു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നു മെഡിക്കൽ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.
സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റാഗിങ് സംബന്ധിച്ച് നേരത്തെ പരാതികൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന കോളജിന്റെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാർഥികളുടെ മൊഴി. മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.