വിഴിഞ്ഞം: അജ്‌ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ പൂന്തുറ സ്വദേശികളായ ആൻഡ്രൂസ്(55), ക്ലീറ്റസ്(45), സെൽവൻ(42), മരിയദാസൻ (44), ജോൺ(43) എന്നിവർക്കാണ് പരിക്കേറ്റത്. ആൻഡ്രൂസിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളേറ്റു. തലകീഴായി മറിഞ്ഞ് കടലിൽ വീണ മത്സ്യ തൊഴിലാളികൾ മണിക്കൂറുകളോളം വള്ളത്തിൽ പിടിച്ച് കിടന്നു. ഈ സമയം അതുവഴി എത്തിയ വിഴിഞ്ഞം സ്വദേശികളായ ഡേവിഡ്, ജോൺസൺ, ജെയിംസ്, ആന്റണി എന്നിവരുൾപ്പെട്ട സംഘം ഇവരെ തങ്ങളുടെ വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്‌റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. മറിഞ്ഞ ബോട്ടിലെ എൻജിനുകൾ, വലകൾ, ജിപിഎസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എല്ലാം നഷ്‌ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു.ഇടിച്ച കപ്പൽ കണ്ടെത്തുന്നതിനായി വിഴിഞ്ഞം കോസ്‌റ്റ് ഗാർഡിനു വിവരം നൽകിയതായി വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് അറിയിച്ചു. ഏതോ കണ്ടെയ്‌നർ വെസൽ ആണെന്നാണ് തൊഴിലാളികളിൽ നിന്നുള്ള പ്രാഥമിക വിവരമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. കപ്പൽ ഏതാണെന്നറിയുന്നതിനു കൊച്ചി ആസ്‌ഥാനത്തു വിവരം അറിയിച്ചിട്ടുള്ളതായി കോസ്‌റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ അധികൃതർ പറഞ്ഞു.
അജ്‌ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം മറിഞ്ഞു

- Advertisement -
- Advertisement -