വയനാട് (Wayanad) : ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം അറിയിച്ച് സംവിധായകൻ പദ്മകുമാർ. സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ഐക്യകേരളം നമ്മൾക്കു മുന്നിലിതാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
“ഒരുപാട് ദുരന്തങ്ങൾ കണ്ടവരും അനുഭവിച്ചവരുമാണ് നമ്മൾ മലയാളികൾ. പക്ഷെ ഏറ്റവും ഭീതിദമായ സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽ മലയിലുണ്ടായത്. മരണ സംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാർത്തയും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദനയോടെയെ കാണാൻ കഴിയുന്നുള്ളു. നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ തന്നെയാണ്; നൂറുകണക്കിനു ജീവിതങ്ങൾ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ് ,ഒരു ജീവിതകാലം കഠിനാദ്ധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായി തീർന്ന മനുഷ്യാവസ്ഥയും. എങ്കിലും സംഭവിച്ച മറ്റെല്ലാ ദുരന്തങ്ങളെയും പോലെ ഇതിനെയും അതിജീവിക്കാനുള്ള കഠിനശ്രമത്തിലാണ് നമ്മൾ ഇപ്പോഴും. ജാതി മത വർഗ്ഗ ഭാഷാ ഭേദങ്ങളില്ലാതെ ദുരന്തഭൂമിയിൽ കയ്യും മെയ്യും മറന്നു പൊരുതുന്ന ഓരോരുത്തർക്കും ഒപ്പം നമ്മൾ ഒറ്റക്കെട്ടായി ഒരു മനസ്സായി നിൽക്കുന്നു.
ജീവൻ തിരിച്ചു പിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങൾ നമ്മൾ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം നമ്മൾക്കു മുന്നിലിതാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു. അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൽ നിന്നും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു”, എന്നാണ് പദ്മകുമാർ കുറിച്ചത്. അതേസമയം, ഉരുള്‍പൊട്ടലില്‍ ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.