പാലക്കാട് (Palakkad) : അയൽവാസിയുടെ പൂവൻ കോഴികൾ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ. പത്താം വാർഡിൽ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർ നടപടികളുമാണ് കൗൺസിൽ യോഗത്തിലും ദീർഘ ചർച്ചയായത്.
അയൽവാസിയുടെ വീട്ടിലെ കോഴി കൂവൽ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊർണൂർ നഗരസഭയിലെ കാരക്കാട് വാർഡ് കൗൺസിലർക്ക് മുന്നില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.
പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉടനടി നടപടിയുമെടുത്തു. എതിർകക്ഷിയുടെ വീട്ടിലെത്തി കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കാനായിരുന്നു നിർദേശം.
പക്ഷെ അപ്പോഴും കൂവലിന്റെ കാര്യത്തിൽ പരിഹാരമായില്ല. വീട്ടമ്മ വീണ്ടും പരാതിയുമായെത്തി. പിന്നാലെ വിഷയം വാർഡ് കൗൺസിലർ കൗൺസിൽ യോഗത്തിൽ തന്നെ ഉന്നയിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും അജണ്ടയിലില്ലാത്ത ചർച്ച ഒരേ സ്വരത്തിൽ ഏറ്റെടുത്തു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്ന രീതിയിൽ ചർച്ച വഴിമാറിയെങ്കിലും സ്ഥലത്ത് ചെന്ന് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് നഗരസഭാധ്യക്ഷനും ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്ന് കൗൺസിലർക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പും.