തിരുവനന്തപുരം (Thiruvananthapuram ) ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങൾ (Driving Test Standards) പരിഷ്കരിച്ച് സർക്കുലർ ഇറങ്ങി. എങ്ങനെ ഓടിച്ചാലും എച്ച് എടുക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്തുവച്ച പഴയ എം80 സ്‌കൂട്ടര്‍. (M 80 scooter) സ്റ്റാര്‍ട്ട് ചെയ്താല്‍ ഓഫാകില്ല. ഫസ്റ്റ് ഗിയറിലിട്ടാല്‍ ഒരുമാതിരി ബാലന്‍സുള്ളവര്‍ക്കെല്ലാം ഇരുചക്ര വാഹനത്തില്‍ ഗിയറുള്ള വണ്ടി ഓട്ടിക്കാനുള്ള ലൈസന്‍സ് ഉറപ്പ്… കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷ കേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ചയാണ് ഈ പഴയ സ്‌കൂട്ടറുകള്‍. ഇനി ആ കളി നടക്കില്ല. 15 കൊല്ലത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ഡ്രൈവംഗ് സ്‌കൂളുകാര്‍ക്ക് ആരേയും ടെസ്റ്റിന് ഇറക്കാന്‍ കഴിയില്ല. ഇരുചക്രവാഹന ലൈസന്‍സ് ടെസ്റ്റിൽ വിപ്ലവകരമായ മാറ്റം നടപ്പാക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്. ഇതിനുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഇരുചക്ര വാഹനങ്ങളില്‍ ഗിയറുള്ളവയ്ക്ക് വേണ്ടിയുള്ള ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കൈയ്യില്‍ ഗിയറുള്ള എം80 സ്‌കൂട്ടറാണ് മിക്ക ഡ്രൈവിംഗ് സ്‌കൂളുകാരും ടെസ്റ്റിന് കൊണ്ടു വരാറുള്ളത്. ഏറെ കാലപ്പഴക്കമുള്ളതാണ് ഈ വാഹനം. എന്നാൽ നിലവില്‍ ഒരു കമ്പനിയും കൈയ്യില്‍ ഗിയറുള്ള സ്‌കൂട്ടര്‍ ഇറക്കുന്നില്ല. ഗിയറുള്ള ഇരുചക്ര വാഹനങ്ങളിലെല്ലാം അത് മാറ്റാനുള്ള സംവിധാനം കാലില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ എം80 ഗിയര്‍ സ്‌കൂട്ടറിലെ ഡ്രൈവിംഗ് ടെസ്റ്റുകൊണ്ട് ഒരു ഗുണവുമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഇനി കാലില്‍ ഗിയറുള്ള ഇരുചക്ര വാഹനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് കേരളത്തില്‍ ഉപയോഗിക്കാൻ കഴിയൂ. ഇതാണ് പുതിയ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതയേറ്റപ്പോള്‍ തന്നെ കാലോചിത പരിഷ്‌കാരം ഉറപ്പ് നല്‍കിയിരുന്നു. അതാണ് യാഥാര്‍ത്ഥ്യമാകുന്നത്. കൈ കൊണ്ട് ഗിയർ മാറ്റാനുള്ള വണ്ടി ഓടിച്ച് പഠിച്ച്, അതിൽ ലൈസൻസ് എടുത്ത ശേഷം, കാലിൽ ഗിയർ ഇടാൻ ശ്രമിക്കുന്നത് അപകടകരമാകുമെന്നാണ് വിലയിരുത്തൽ.
15 കൊല്ലത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇനി ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. വാഹനങ്ങളുടെ കാലപ്പഴക്കം പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇരുചക്ര വാഹന ലൈസന്‍സിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതാണ്. ഇതു തിരിച്ചറിഞ്ഞാണ് പുതിയ നിബന്ധന. 15 കൊല്ലത്തില്‍ താഴെ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ മാത്രമേ ഇനി ഡ്രൈവിംഗ് ടെസ്റ്റ് നടക്കൂവെന്ന് സാരം. അല്ലാത്തവ ഈ വരുന്ന മെയ് ഒന്നിനുള്ളിൽ ഒഴിവാക്കേണ്ടിവരും.
ഇതിനൊപ്പം നാല് ചക്രങ്ങളുള്ള ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (അതായത് കാര്‍) ലൈസന്‍സിന് ഓട്ടോമറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാനും പാടില്ല. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. ഇതിനൊപ്പം വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് ഇനി നിയമ വിരുദ്ധമാകും. ഇത് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും വരും. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും വേണം.
ഇരുചക്ര വാഹന ലൈന്‍സിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവുചെയ്ത് സൂക്ഷിക്കണം. ഡാഷ് ക്യാമറ സ്ഥാപിക്കേണ്ടത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ഉത്തരവാദിത്തമായി മാറുന്നു. ഇതിലൂടെ ലൈസന്‍സ് ടെസ്റ്റിലെ അഴിമതി പാടേ തുടച്ചുമാറ്റപ്പെടുമെന്നാണ് ഗതാഗത മന്ത്രിയുടെ വിലയിരുത്തല്‍.