കേരളത്തിൽ ഏപ്രിലിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (The Central Meteorological Department has said that there is a possibility of summer rains in Kerala in April.) ഏപ്രിൽ നാല് വരെ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. കൂടാതെ, ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമെ കർണാടകയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഏപ്രിൽ മൂന്നിനും എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഏപ്രിൽ നാലിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഏപ്രിലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെങ്കിലും മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.