പീച്ചി: ആനവാരിയിലെ ഉൾവനത്തിലെ ഉപ്പുങ്കൽ വനപ്രദേശത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പീച്ചി റിസർവോയറിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വെള്ളത്തിലൂടെ ഒലിച്ചു വന്നതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ അഴുകിയ നിലയിലാണ്. ആനയുടെ പുറത്ത് വന്യമൃഗങ്ങൾ കടിച്ച രീതിയിലുള്ള മുറിവുകൾ ഉണ്ട്. കടുവയോ കാട്ടുനായ്ക്കളോ ആവാം കടിച്ചതെന്ന് കരുതുന്നതായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
പീച്ചി വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള പ്രദേശമാണ് ഇവിടം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി ആനയുടെ ജഡം സംസ്കരിച്ചു.