‘1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയും തമ്മിലുള്ള വിവാഹം ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു’- സിപിഐ എം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരിലുള്ള ഈ ക്ഷണക്കത്ത് ഏവര്‍ക്കും പരിചിതമാണ്.
വിവാഹമേ വേണ്ടെന്നു വച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ തന്റെ 42ാം വയസില്‍ വിവാഹം ചെയ്തതും പാര്‍ട്ടി മേല്‍നോട്ടത്തില്‍ തന്നെ. അന്നു മുതല്‍ എന്നും സഖാവിന്റെ സഖിയായി സ്‌നേഹിച്ചും പരിചരിച്ചും വസുമതി കൂടെത്തന്നെയുണ്ടായിരുന്നു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ചാണ് വിഎസ് വസുമതിക്ക് വരണമാല്യം അണിയിച്ചത്. കതിര്‍മണ്ഡപമോ പുടവ നല്‍കലോ ഒന്നും ഇല്ലാതെ പരസ്പരം മാലയിടല്‍ മാത്രമായിരിന്നു ചടങ്ങ്.