Saturday, November 1, 2025

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്…

Must read

തിരുവനന്തപുരം (Thiruvananthapuram) : ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. (The day-and-night strike by ASHA workers in front of the secretariat has ended.) സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാപകല്‍ സമരം 265 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കുന്നത്.

സെക്രട്ടറേറിയേറ്റിന് മുന്നിലെ സമരം നാളെ അവസാനിപ്പിക്കുമെന്ന് എം എ ബിന്ദു പറഞ്ഞു. ജില്ലകളിലെ സമര രീതി ആലോചിച്ച് നടപ്പാക്കും. ആശ സമരം തുടങ്ങിയതിന്റെ വാര്‍ഷിക ദിനമായ 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് വീണ്ടും തിരിച്ചുവരും. അതൊരു ചരിത്ര ദിനമാണെന്നും ബിന്ദു പ്രതികരിച്ചു. എട്ടു മാസത്തെ സമര ജീവിതം പുതിയ പാഠങ്ങളാണ് നല്‍കിയത് എന്നും ആശ സമരസമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സമര വിജയം ആയിട്ടാണ് ആശമാര്‍ കണക്കാക്കുന്നത്. ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു ആശമാരുടെ സമരം തുടങ്ങിയത്. ഇപ്പോഴത്തെ തീരുമാനം സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ നിന്നുള്ള പിന്നോട്ട് പോക്കായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സമരത്തിന്റെ രീതി മാറ്റണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് ആശ സമരസമിതി ജനറല്‍ സെക്രട്ടറി എം.എ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും ന്യായമാണെന്ന് കൂടിയാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നതെന്നും എം എ ബിന്ദു പറയുന്നു.

കേന്ദ്രമാണ് ഓണറേറിയം നല്‍കേണ്ടത് എന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങള്‍. ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചതോടെ മുന്‍ വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആശാ വര്‍ക്കര്‍മാരെ 62 വയസ്സില്‍ പിരിച്ചുവിടുന്ന നടപടി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി 50000 രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതും നേട്ടമാണെന്നും എം എ ബിന്ദു പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article