താനൂര്‍: താനൂരില്‍ നിന്ന് മുംബൈയിലേക്ക് നാടുവിട്ട പെണ്‍കുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ മുംബൈയിലേക്ക് കടക്കാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്കെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലെത്തിയ ശേഷം റഹീം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കേരളത്തിലെത്തിച്ച ശേഷം പെണ്‍കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും.
താനൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഇവര്‍ ബുധന്‍ രാവിലെ പരീക്ഷയ്ക്കെന്നുപറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടോടെ കോഴിക്കോട് എത്തി. പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മൊബൈല്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് ഇരുവരുടെയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
റഹീം അസ്ലമിന്റെ പേരിലുള്ള സിം കാര്‍ഡില്‍നിന്നായിരുന്നു കോളുകള്‍. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്.