മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറൻസിക് സംഘത്തിന്റെ പരിശോധന പൂർത്തിയായി. താനൂർ പൊലീസ് കോർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും, ചേളാരിയിലെ കെട്ടിടത്തിലും, ദേവധാർ പാലത്തിലും പരിശോധന നടത്തി രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദ്രബാദിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
സിബിഐയുടെ ശാസ്ത്രീയ തെളിവുശേഖരണം കേസിൽ നിർണായകമാണ്. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കി സിബിഐ മടങ്ങി.
താമിർ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോർട്ടറായിരുന്നു. പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോർട്ടറിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ആലുങ്ങലിൽ എത്തി പരിശോധന നടത്തിയിരുന്നു.