വയനാട് മാനന്തവാടിയില്‍ നാട്ടില്‍ ഇറങ്ങി വിറപ്പിച്ച ശേഷം മയക്കുവെടിയേറ്റ് ബന്ദിപ്പൂരിലേക്ക് മാറ്റിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്നലെ മുഴുവന്‍ നീണ്ടുനിന്ന ദൗത്യതിനൊടുവില്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ബന്ദിപ്പുര്‍ വനമേഖലയിലേക്ക് മാറ്റിയിരുന്നു.
കര്‍ണാടക വനംവകുപ്പാണ് ആന ചരിഞ്ഞ വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു
ഇന്നലെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ക്കൊമ്പന്‍ പിടിയിലായത്. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റി. രാത്രി വൈകിയാണ് രക്ഷാദൗത്യം പൂര്‍ത്തിയായത്.
വാഴത്തോട്ടത്തിലൊളിച്ച കൊമ്പന് നേരെ വൈകീട്ട് അഞ്ചരയോടെയാണ് ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം പരാജയപ്പെട്ടു എന്നാല്‍ പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി തറച്ചു. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി.
മയക്കുവെടിയുടെ ശക്തിയില്‍ ആന മയങ്ങിയെങ്കിലും അല്‍പദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.
പ്രാഥമിക ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ആനയെ കൂട്ടിലേക്ക് മാറ്റിയിരുന്നു. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമല്‍ ആംബുലന്‍സില്‍ സഞ്ചരിച്ചത്. വിശദമായ പരിശോധനയിലൂടെ മാത്രമെ ചരിഞ്ഞകാരണം അറിയാന്‍ സാധിക്കുകയുളളൂ.