ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് (Thampanoor Satheesh) കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണനയാണ് തീരുമാനത്തിനു പിന്നിലെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാനില്ലെന്നും സതീഷ് വ്യക്തമാക്കി. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരുന്നു സതീഷ് ലീഡര്‍ കെ.കരുണാകരന്റെ സന്തത സഹചാരിയുമായിരുന്നു. എന്നാല്‍ പത്മജയുടെ വഴി സ്വീകരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനു നേരെ ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിക്കുന്നത്. പാര്‍ട്ടി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകളുണ്ടെന്നും പാര്‍ട്ടി പരിപാടികളുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയാണെന്നും സതീഷ് ആരോപിച്ചു.പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നപ്പോഴൊക്കെ ഞാന്‍ തഴയപ്പെട്ടെങ്കിലും, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. പുതിയ 78 സെക്രട്ടറിമാരുടെ ലിസ്റ്റിലും എന്റെ പേരില്ലാത്തതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത്രയും യോഗ്യതയില്ലാത്ത ആളാണോ തമ്പാനൂര്‍ സതീഷ് എന്നത് കെപിസിസി നേതൃത്വം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാര്‍ട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂര്‍ത്തടിക്കുന്ന അവസ്ഥയാണുള്ളത്. താന്‍ സംഘിയും സഖാവുമാകിനില്ലെന്നും അദ്ദേഹം പറഞ്ഞു.