ഡൽഹി∙ കേരളത്തിലെ നാടൻ കരിക്കിന്റെ മധുരം തന്റെ മനസ്സു തണുപ്പിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ഗെസ്റ്റ് ഹൗസ് ജീവനക്കാരോടാണു പ്രധാനമന്ത്രി പറഞ്ഞത്. ‘ഇത്ര രുചിയുള്ള കരിക്കിൻ വെള്ളം കുടിച്ചിട്ടില്ല’. പറയുക മാത്രമല്ല, കൊച്ചിയിൽ നിന്നു മടങ്ങുമ്പോൾ 20 നാടൻ കരിക്കുകൾ കൊണ്ടുപോവുകയും ചെയ്തു
16ന് കൊച്ചിയിൽ എത്തിയ മോദി റോഡ് ഷോ കഴിഞ്ഞ് ഗെസ്റ്റ് ഹൗസിൽ എത്തിയപ്പോൾ കരിക്കിൻ വെള്ളം ആയിരുന്നു വെൽക്കം ഡ്രിങ്ക്. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോൾ കരിക്കു കുടിക്കാറുണ്ടെങ്കിലും കേരളത്തിലെ കരിക്കിന്റെ രുചി കൂടുതൽ ഇഷ്ടപ്പെട്ടുവെന്നും മടങ്ങുമ്പോൾ കൊണ്ടുപോകാൻ കരിക്കു വേണമെന്നും എസ്പിജി ഉദ്യോഗസ്ഥർ മുഖേന പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൊലീസ് പുലർച്ചെ മറൈൻ ഡ്രൈവിലെ കടതുറപ്പിച്ച് 20 നാടൻ കരിക്കുകൾ ഗെസ്റ്റ് ഹൗസിൽ എത്തിച്ചു. ചെത്താതെ കുലയായിത്തന്നെയാണു കരിക്ക് ഡൽഹിക്കു കൊണ്ടുപോയത്.
ഉറക്കം നിലത്ത്
അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായുള്ള വ്രതത്തിലായതിനാൽ പ്രധാനമന്ത്രി ഇളനീരും പഴങ്ങളും ഡ്രൈഫ്രൂട്ട്സും മാത്രമാണു കഴിച്ചത്. ഗെസ്റ്റ് ഹൗസിന്റെ എട്ടാം നിലയിലെ സ്യൂട്ട് റൂമിൽ നിലത്തു യോഗമാറ്റും അതിനു മുകളിൽ പുതപ്പും വിരിച്ചായിരുന്നു ഉറക്കം. മോദിക്കായി കയർഫെഡിന്റെ 30,000 രൂപയുടെ പുതിയ കിങ് സൈസ് കിടക്ക വാങ്ങിയിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല. 17ന് രാവിലെ ചൂടുവെള്ളം മാത്രമാണ് അടുക്കളയിൽനിന്ന് ആവശ്യപ്പെട്ടത്.