തിരുവനന്തപുരം (Thiruvananthapuram) : സോഷ്യൽ മീഡിയയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ. (A teacher who posted an insulting post on social media against the late former Chief Minister and senior CPM leader VS Achuthanandan is in police custody.) തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും.
വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി എത്തുന്നത്. അതേസമയം പ്രിയ നേതാവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് സെക്രട്ടേറിയറ്റിന്റെ ദർബാർ ഹാളിലേക്ക് ഒഴുകിയെത്തിയത്. പൊതുദർശനം അവസാന ഘട്ടത്തിലേക്കു കടക്കുന്നു. ഇതിനു ശേഷം ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും.
തിരുവനന്തപുരം ജില്ലയിൽ 27 പോയന്റുകളിലും കൊല്ലത്ത് 17 പോയന്റുകളിലുമാണ് പൊതുദർശനം നടക്കുക. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് എത്തിച്ചേരുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. യാത്ര കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങൂംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, ആറ്റിങ്ങൽ മൂന്നുമുക്ക്, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരി നട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28ാം മൈൽ, കടമ്പാട്ടുകോണം എന്നിവയാണ്.