പടന്നക്കാട് (Padannakkad) : വീട്ടിൽ നിന്ന് കോളജിലേക്ക് ഇറങ്ങുമ്പോൾ താൻ ഓടിക്കുന്ന സ്കൂട്ടറിൽ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. (Sharafunnisa never expected that a venomous snake was hiding on the scooter she was riding as she left home for college.) കോളേജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി ഷറഫുന്നീസ രക്ഷപ്പെട്ടു.
നെഹ്റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തിൽ പാമ്പിന്റെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടിൽനിന്ന് കോളജിലേക്ക് തന്റെ സ്കൂട്ടറിൽ വരുമ്പോഴാണ് സംഭവം.
സ്കൂട്ടറിന്റെ മുൻ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നിരിക്കാമെന്നാണ് കരുതുന്നത്. വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരുക്കേൽക്കും. അതുകൊണ്ട് ഇടത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാണ് ഷറഫുന്നിസ വണ്ടി നിർത്തിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മെക്കാനിക്കിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വന്ന് വണ്ടിയുടെ ബോഡി മാറ്റിയപ്പോഴാണ് വലിയ വിഷപ്പാമ്പിനെ കണ്ടത്.


