ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ……

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മുൻവർഷങ്ങളിലെ പോലെ നികുതി (Tax) ഭാരം ജനങ്ങളിലേക്ക് അധികം എത്തില്ലെങ്കിലും വരുമാന വർദ്ധനക്ക് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി – ഫീസ് വര്‍ധന (Increase in taxes and fees) കള്‍ ഇന്ന് നിലവിൽ വരും. പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്.
പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലക്കയറ്റമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷമെങ്കിൽ ഇത്തവണ അത്രക്കങ്ങ് ഏശില്ല. കോടതി വ്യവഹാരങ്ങൾക്ക് ചെലവേറുമെന്നതാണ് ഒരു കാര്യം. ചെക്ക് കേസിനുള്ള വ്യവഹാരത്തുക ഇന്ന് കൂടും. കുടുംബ കോടതികളിലെ ഫീസ് നിരക്കും കൂടും.

കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്തുപൈസയാക്കിയെങ്കിലും തല്‍ക്കാലം വൈദ്യുതി നിരക്കിൽ ഇത് പ്രതിഫലിക്കില്ല. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും, പക്ഷേ മദ്യത്തിന്‍റെ വില കൂടില്ല.
ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇത് വരെ പൂർത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂർത്തിയായ ശേഷം മാത്രമെ നിർദ്ദേശം നടപ്പാകു.

ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്‍റെ താങ്ങുവില 178 ൽ നിന്ന് 180 ആയി ഉയരും. പ്രതിസന്ധിക്ക് പുറകെ പ്രതിസന്ധിയും ചരിത്രത്തിലില്ലാത്ത വിധം സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ശമ്പളം മുടങ്ങലുമൊക്കെയായിരുന്നു പോയ വർഷം എങ്കിൽ ഇത്തവണ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഉറപ്പ് പറയുകയാണ് സംസ്ഥാന സർക്കാർ.

See also  സപ്ലൈ കോയിലെ പുതിയ വില; വെളിച്ചെണ്ണ അരലിറ്റർ 55, കുറുവ അരി 30, മട്ട അരി 30

Leave a Comment