തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആർ.എം.ഒയും സ്റ്റോർ സൂപ്രണ്ടും നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫാർമസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. സരിത-രതീഷ് ദമ്പതികളുടെ മകനാണ്.
അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കൊല്ലം എഴുകോൺ സ്വദേശികളായ സരിതയും രതീഷും മകനുമായി ദിവസങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർ നൽകിയ മരുന്നു കഴിച്ചതിനുശേഷമാണ് 14 വയസുകാരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
തുടർന്നാണ് ഡോക്ടർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡോസ് മരുന്ന് ഫാർമസിയിൽ നിന്ന് നൽകിയതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെ മരുന്നിന്റെ ഡോസ് ഫാർമസിയിൽ നിന്ന് മാറി നൽകിയെന്ന് ചികിത്സിച്ച ഡോക്ടറും സമ്മതിച്ചു.