സുല്‍ത്താന്‍ബത്തേരി: പൊങ്കല്‍ പ്രമാണിച്ചുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ കിറ്റ് വിതരണം ആരംഭിച്ചതോടെ ഇത് വാങ്ങാന്‍ റേഷന്‍ കടകളില്‍ തിരക്കേറി. സര്‍ക്കാര്‍ ജോലിക്കാരടക്കം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ആയിരം രൂപ, സാരി, മുണ്ട്, ഒരു കരിമ്പ് എന്നിവയ്ക്ക് പുറമെ പച്ചരി, പഞ്ചസാര എന്നിവ ഓരോ കിലോ വീതവും കിറ്റില്‍ ലഭിക്കുന്നുണ്ട്. ”ഇനിയ പുത്താണ്ട് നല്‍വാഴ്ത്തുക്കള്‍” എന്നുള്ള പൊങ്കല്‍ ആശംസ എഴുതിയ കവറിലാണ് പണം നല്‍കുന്നത്.
പൊങ്കല്‍ക്കിറ്റ് വിതരണം ആരംഭിച്ചതോടെ അതിരാവിലെ തന്നെ തൊഴിലാളികളായ കാര്‍ഡുടമകള്‍ റേഷന്‍ കടകളിലെത്തി ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് തമിഴ്‌നാടിന്‍റെയും വയനാടിന്‍റെയും അതിര്‍ത്തി പ്രദേശങ്ങളായ പാട്ടവയല്‍, എരുമാട്, പന്തല്ലൂര്‍, അയ്യന്‍കൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ കാണാനായത്. റേഷന്‍ സാധനങ്ങളും വാങ്ങി കരിമ്പും തോളിലേറ്റി തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരുടെ കാഴ്ചകള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടത്തായി കാണാനായി.
തമിഴ്‌നാട്ടില്‍ മുന്‍പും ആഘോഷ സമയങ്ങളിലും തെരഞ്ഞെടുപ്പുകളോടനുബന്ധിച്ചും ജനങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി സാധനസാമഗ്രികളും പണവും നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ കിറ്റ് വിതരണം വലിയ വാര്‍ത്താപ്രാധാന്യം നേടുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കിറ്റ് വിതരണത്തിന് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചു തുടങ്ങിയത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് പൊങ്കല്‍കിറ്റ് ലഭ്യമാക്കൂവെന്നതായിരുന്നു സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ ആദ്യഘട്ടത്തിലെ തീരുമാനം.
ഇതുപ്രകാരം, നീലഗിരി ജില്ലയില്‍ രണ്ടുലക്ഷത്തി പതിനെട്ടായിരം പേരെയായിരുന്നു ഗുണഭോക്താക്കളായി കണ്ടെത്തിയിരുന്നത്. എന്നാല്‍, പിന്നീടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്‍പ്പെടെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കിറ്റ് ലഭിക്കും. ഈ മാസം 13 മുതല്‍ 17 വരെയാണ് പൊങ്കലിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.