തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്. ഇന്ന് വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെത്താനാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഫ്‌ളൈറ്റ് വൈകല്‍ കാരണം കുറച്ച് വൈകിയായിരിക്കും അദ്ദേഹം ഡല്‍ഹിയിലെത്തുക. കേരളത്തില്‍ താമര വിരിയിച്ച സുരേഷ് ഗോപിക്ക് അര്‍ഹിച്ച പദവി നല്‍കണമെന്നാണ് ബിജെപിയുടെ തീരുമാനം. ബിജെപി സംസ്ഥാന ഘടകത്തിന്റെയും പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിനുണ്ട്.
ഏറ്റെടുത്ത ചില സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടതിനാല്‍ സുരേഷ് ഗോപിക്ക് മന്ത്രിയാകുന്നതില്‍ ചില താത്പര്യക്കുറവുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ സുരേഷ് ഗോപിയാണ്. എന്നാല്‍ നരേന്ദ്ര മോദി മന്ത്രിയാകണമെന്ന് നേരിട്ട് ആവശ്യപ്പെട്ടാല്‍ നിരസിക്കാന്‍ തനിക്ക് ആകില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിക്ക് പുറമെ തിരുവനന്തപുരത്ത് മികച്ച പ്രകടനം നടത്തുകയും അവസാന ലാപ്പില്‍ തോല്‍ക്കുകയും ചെയ്ത രാജീവ് ചന്ദ്രശേഖറിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. വി.മുരളീധരന് ഇനി അവസരം ലഭിച്ചേക്കില്ല. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഇത്തവണ ഘടകകക്ഷിയോഗത്തിന് ശേഷമായിരിക്കും മന്ത്രിമാരെ തീരുമാനിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ മന്ത്രിമാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായേക്കും.