തൃശൂര്‍പൂരം അലങ്കോലമാക്കല്‍ ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2024ലെ തൃശൂര്‍ പൂരം ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നതും പിന്നീടുണ്ടായ സംഭവ വികാസങ്ങളും കേരള രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.
മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും അന്ന് ആരോപണം ഉന്നയിച്ചിരുന്നു. പക്ഷേ ബിജെപി നേതാക്കളടക്കം പറഞ്ഞ കാര്യം സുരേഷ് ഗോപി തള്ളിക്കളഞ്ഞതും മായക്കാഴ്ചയായിരിക്കും താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയതെന്നും പ്രതികരിച്ചതോടെ ബിജെപിയ്ക്കുള്ളിലും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പൂരം അലങ്കോലപ്പെട്ടപ്പോള്‍ താന്‍ ആംബുലന്‍സില്‍ വന്നതായി കണ്ടെങ്കില്‍ അത് മായക്കാഴ്ച ആണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.