Saturday, April 5, 2025

ഒടുവിൽ തൃശൂർ സുരേഷ് ഗോപിക്കു സ്വന്തം? വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ വിജയത്തിലേക്ക്…

Must read

- Advertisement -

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കേരളത്തിൽ താമര വിരിയുന്നതിന്റെ ലക്ഷണങ്ങളുമായി ലീഡുയർത്തി. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ അദ്ദേഹം മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ലീഡുചെയ്യുകയാണ്. കോൺഗ്രസിന്റെ കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. വോട്ടെണ്ണലിന്റെ തുട‌ക്കത്തിൽ യുഡിഎഫും എൽഡിഎഫും മാറിമാറി മുന്നേറിയ മണ്ഡലത്തിൽ ഒന്നരമണിക്കൂർ കഴിഞ്ഞതോടെയാണ് സുരേഷ് ഗോപി മേൽക്കൈ നേടിയത്.

സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തിൽ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. 2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോൾ വിജയകരമായ ഒരു പരിസമാപ്തിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും ലോക്‌സഭയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ൽ സുരേഷ് ഗോപിയെ തൃശൂരിൽ പരീക്ഷിക്കാൻ ബിജെപി നേതൃത്വം തയ്യാറായത്. ശബരിമലയെപ്പറ്റി പ്രചാരണത്തിനിടെ ഒന്നും പറയരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും ആ വിഷയം ഉയർത്തിതന്നെയാണ് സുരേഷ് ഗോപി മുന്നേറിയത്. എന്നാൽ ‘ഇക്കുറി തൃശൂരിൽ നിന്നൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി’ എന്നുപറഞ്ഞുകൊണ്ടാണ് തൃശൂരിൽ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്.

വീടുകളിൽ കയറി ഉച്ചഭക്ഷണം കഴിച്ചും ഗർഭിണിയുടെ വയറ്റിൽ തടവിയും അദ്ദേഹം ഉണ്ടാക്കിയെടുത്ത ജനകീയ മുഖമാണ് ഇപ്പോൾ കരുത്തന്മാരായ വിഎസ് സുനിൽകുമാറിനെയും കെ മുരളീധനെയും അടിച്ചിടുന്ന തരത്തിലേക്ക് വളരാൻ സുരേഷ് ഗോപിയെ സഹായിച്ചത്.കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സഹകാരി മാർച്ച് ബിജെപിക്കും എൻഡിഎയ്ക്കും ഉണ്ടാക്കിയ മൈലേജ് ചില്ലറയായിരുന്നില്ല എന്ന് ലീഡ് നില വ്യക്തമാക്കുന്നു. തങ്ങൾക്ക് ബാലികേറാമലയായ കേരളത്തിൽ തൃശൂർ പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുടെ പടനീക്കം. അതിനായി പ്രധാനമന്ത്രി മോദിയെ തന്നെ പലതവണ രംഗത്തിറക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഔദ്യോഗികമായി അല്ലാതെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥിയും സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശൂരിൽ എത്തിയത്.എതിരാളികൾ ഒരുപാട് ട്രോളിയെങ്കിലും തനി സിനിമാ സ്റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. നാട് ഇളക്കിയുള്ള മത്സരത്തിൽ സ്ഥാനാർത്ഥിയെ കാണാനും സെൽഫിയെടുക്കാനും ജനങ്ങൾ ഒത്തുകൂടി. എന്നാൽ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നു. ആ സംശയം ഇപ്പോൾ അസ്ഥാനത്തായിരിക്കുകയാണ്.

സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സ്ത്രീയ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാർക്കായി. തന്നിൽ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങൾക്കിടയിലും പാർട്ടി അണികൾക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂർ പൂരവും തിഞ്ഞെടുപ്പ് വിഷയമായത് സുരേഷ് ഗോപിക്ക് അനുകൂലമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

See also  'കഥകൾ കഥയില്ലായ്മകൾ ചർച്ച സംഘടിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article