തിരുവനന്തപുരം: ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി. ബാങ്കിലെ കുടിശിക അടയ്ക്കാനുള്ള പണം കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമാണെന്ന് കരുതിയാൽ മതിയെന്നാണ് പണം നൽകിയ ആൾ വ്യക്തമാക്കിയത്. എന്നാൽ പേരുവെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. കുടുംബത്തിന്റെ ദുവരസ്ഥ അറിഞ്ഞ് ഇന്ന് രാവിലെയാണ് 17600 രൂപ കൈമാറിയത്.
അതേസമയം, വായ്‌പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ തകഴി, കുന്നുമ്മ കാട്ടിൽപറമ്പിൽ കെ.ജി. പ്രസാദിന്റെ വീടും അഞ്ച് സെന്റ് വസ്തുവും ജപ്തി ചെയ്യാനുള്ള നടപടി നിറുത്തിവയ്ക്കാൻ പട്ടികജാതി, പട്ടികവർഗ വകുപ്പ് ഉത്തരവിട്ടു. . ഇതേത്തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.പരമാവധി ഇളവ് നൽകി വായ്പ തീർപ്പാക്കാനും കുടുംബത്തോട് സംസാരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചിരുന്നു.
ഇതേത്തുടർന്ന് ജില്ലാ മാനേജർ എം.കെ. ബോസും സംഘവും വീട്ടിലെത്തി. ജപ്തി ഒഴിവാക്കുന്നതിനുള്ള അപേക്ഷ എഴുതിവാങ്ങി. പ്രസാദിന്റെ ഭാര്യ ഓമന 2022 ആഗസ്റ്റ് 27ന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത സ്വയം തൊഴിൽ വായ്പയിൽ 17,600 രൂപ കുടിശ്ശികയായതിനെ തുടർന്നാണ് ജപ്തി നോട്ടീസയച്ചത്.
ഓമനയുടെ അപേക്ഷ പരിഗണിച്ച് തീരുമാനിക്കുന്നതിനായി മന്ത്രിക്കും ഹെഡ് ഓഫീസിലേക്കും റിപ്പോർട്ട് നൽകുമെന്ന് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പറഞ്ഞു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്ന് 2023 നവംബർ11നാണ് പ്രസാദ് ജീവനൊടുക്കിയത്.