കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കേസില്‍ നടപടികളുമായി സര്‍ക്കാര്‍.തിരഞ്ഞെടുപ്പിനു മുമ്പ് വിവാദമായതിനെ തുടര്‍ന്ന് മരവിപ്പിച്ച നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ.ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ആവശ്യമായ ഫീല്‍ഡ് പരിശോധനകള്‍ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി സ്ഥലം മാറ്റിയത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി.ശ്രീജിത്തിന് നല്‍കി.
നേരത്തെ ഷജ്‌ന, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍, ഡെപ്യൂട്ടി റേഞ്ചര്‍ (ഗ്രേഡ്) എന്നിവരെ അര്‍ധരാത്രിയില്‍ സസ്െപന്‍ഡ് ചെയ്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വടകരയിലെ തിരഞ്ഞെടുപ്പ് ഫലത്തെ പോലും ഇതു ബാധിക്കും എന്ന് വിലയിരുത്തലുണ്ടായതോടെ മണിക്കൂറിനുള്ളില്‍ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.