തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാനില്ല. തിരുവനന്തപുരം കണിയാപുരത്തിന് സമീപം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികളിൽ രണ്ട് പേരെയാണ് തിരയിൽ പെട്ട് കാണാതായത്. (Students who went swimming in the sea in Thiruvananthapuram are missing. Two of the five students who went swimming in the sea at Puthanthop near Kaniyapuram in Thiruvananthapuram have gone missing after being swept away by the waves.) തോന്നയ്ക്കൽ ബ്ലൂമൗണ്ട് സ്കൂളിലെയും കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിലെയും പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇവർ.
കണിയാപുരം സിങ്കപ്പൂർ മുക്കിൽ താമസിക്കുന്ന തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകൻ അഭിജിത്ത്(16), ബിസ്മില്ലയിൽ ഷാനവാസിന്റെ മകൻ നബീൽ(16) എന്നിവരെയാണ് തിരയില്പെട്ട് കാണാതായത്. കടലിൽ കുളിയ്ക്കുന്നതിനിടെ തിരയടിച്ച് ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
നാട്ടുകാർ രക്ഷപ്പെടുത്തിയ ആഷിക്കും ഹരിനന്ദും തോന്നയ്ക്കൽ ബ്ലൂമൗണ്ട് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന കണിയാപുരം മുസ്ലിം ബോയ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആസിഫ്(15) ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുള്ളത്. ആസിഫ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.