ന്യൂഡൽഹി (Newdelhi) : മാസപ്പടി കേസിൽ എസ്എഫ്ഐഒ-യുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. (The Delhi High Court will hear the petition filed by CMRL today seeking a stay on further proceedings by the SFIO in the monthly payment case.) ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക.
എസ്എഫ്ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ച ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയ ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നൽകിയെന്ന വാദം സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉയർത്തിയ സാഹചര്യത്തിലാണ് കേസ് വീണ്ടും ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റ ബെഞ്ചിന് വിട്ടത്.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎൽ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം.