തിരുവനന്തപുരം (Thiruvananthapuram) : 2025ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് 99.5 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയശതമാനം. (The state has a 99.5 percent pass rate in the 2025 SSLC exam. This year’s pass rate is 0.19 percent lower than last year.) വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വച്ചാണ് ഫലപ്രഖ്യാപനം നടത്തിയത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കായി ‘സേ’ പരീക്ഷ മെയ് 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയങ്ങൾക്കാണ് വിദ്യാർഥികൾക്ക് ‘സേ’ പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 12 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൊത്തം 4,27,020 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ 1034 എയ്ഡഡ്, 856 സർക്കാർ, 441 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത് സർക്കാർ വിഭാഗത്തിൽ ജി.ബി.എച്ച്.എസ്.എസ് തിരൂർ (728), എയ്ഡഡ് വിഭാഗത്തിൽ എ.കെ.എൻ. എച്ച്.എസ്.എസ് കോട്ടൂർ (1,455), അൺഎയ്ഡഡ് വിഭാഗത്തിൽ സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ് കുരിയച്ചിറ (242) എന്നിവയാണ്.
എയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം (66.67%) വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് വയ്യാറ്റുപുഴയും, സർക്കാർ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം (73.68%) ഗവ. എച്ച്.എസ്. കരിക്കകവുമാണ്.
ഗൾഫിൽ 7 പരീക്ഷാ കേന്ദ്രങ്ങളിൽ 681 വിദ്യാർഥികൾ പരീക്ഷ എഴുതി, 675 പേർ യോഗ്യത നേടി (99.12%). ഗൾഫിലെ 4 കേന്ദ്രങ്ങൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിൽ 447 പേർ പരീക്ഷ എഴുതി, 428 പേർ യോഗ്യത നേടി (95.75%). ലക്ഷദ്വീപിലെ 4 കേന്ദ്രങ്ങളും നൂറ് ശതമാനം വിജയം നേടി.
ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 48 കേന്ദ്രങ്ങളിൽ 3,055 വിദ്യാർഥികൾ പങ്കെടുത്തതിൽ 3,039 പേർ യോഗ്യത നേടി (99.48%). 429 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്.എസ്.എൽ.സി ഹിയറിങ് ഇംപേർഡ് വിഭാഗത്തിൽ 207 പേർ പരീക്ഷ എഴുതിയതിൽ 206 പേരും, ടി.എച്ച്.എസ്.എൽ.സി ഹിയറിങ് ഇംപേർഡ് വിഭാഗത്തിൽ 12 പേരും യോഗ്യത നേടി.
പ്രൈവറ്റ് പുതിയ സ്കീം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 68 പേരിൽ unformatted 46 പേർ യോഗ്യത നേടി (67.65%). പഴയ സ്കീമിൽ 6 പേർ പരീക്ഷ എഴുതിയതിൽ 4 പേർ യോഗ്യത നേടി (66.67%). തൃശൂർ കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്കൂളിൽ നടന്ന എ.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയ 66 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.