കൊച്ചി (Kochi) : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. (The questioning of actors Shine Tom Chacko, Sreenath Bhasi, and model Soumya has begun in the Alappuzha hybrid cannabis case.) ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നത്. എന്നാൽ, ഷൈൻ ടോം ചാക്കോ 7.35 നും ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. മൂന്ന് പേരെയും പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. ബെംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. തസ്ലിമ സുഹൃത്താണെന്നും ലഹരി ഇടപാട് അറിയില്ലെന്ന് മോഡൽ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലിമയുമായി ആറ് മാസത്തെ പരിചയമാണ് ഉള്ളത്. കൊച്ചിയിൽ വച്ച് അറിയാം. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.
എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ എസ് അശോക് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ എത്ര സമയം എടുക്കുമെന്ന് പറയാൻ കഴിയില്ല. ചോദ്യം ചെയ്യൽ പൂർത്തിയായാലേ മൂന്ന് പേരെയും വിടും. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിട്ടയക്കണമെന്ന് ഷൈൻ ടോം ചാക്കോ ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൂവരെയും വിടുവെന്ന് എക്സൈസ് അറിയിച്ചു. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ആദ്യ ഘട്ടത്തിൽ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്സൈസിന് നൽകിയ മൊഴി. പിന്നീട് എക്സൈസ് തസ്ലീമയുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ വാട്ട്സ്ആപ്പ് കോളുകൾ നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലിൽ എക്സൈസിന് സഹായകരമാകും.