തിരുവനന്തപുരം: വേണ്ടപ്പെട്ടവരെ കേരള പോലീസില്‍ ഗസറ്റഡ് തസ്തികയില്‍ നേരിട്ട് നിയമിക്കാന്‍ കരുക്കള്‍ നീക്കിയ സായുധ സേനാവിഭാഗം അഡീഷണല്‍ ഡിജിപി എം ആര്‍ അജിത് കുമാറിനെ കേരള പോലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ എന്ന സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം അഡിഷണല്‍ ഡിജിപി എസ് ശ്രീജിത്താണ് പുതിയ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍.
ബോഡി ബില്‍ഡിംഗ് താരങ്ങളായ ചിത്തരേശ് നടേശന്‍, ഷിനു ചൊവ്വ എന്നിവര്‍ക്ക് സായുധ ബറ്റാലിയനില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നേരിട്ട് നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 28ന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ നിയമനത്തിന് അനുമതി നല്‍കുകയും ചെയ്തു.
കായിക ഇനം അല്ലാതിരുന്നിട്ടും ബോഡി ബില്‍ഡിംഗ് താരങ്ങളില്‍ രണ്ടുപേരെ ഒരുമിച്ച് പോലീസിലെ ഗസറ്റഡ് ത സ്തികയായ ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ നിയമിച്ചത് സംബന്ധിച്ചു ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്‌പോര്‍ട്‌സ് താരങ്ങളുടെ പോലീസിലെ നേരിട്ടുള്ള നിയമനത്തിന്റെ പൂര്‍ണ്ണചുമതല സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ക്കാണ്.
ബോഡി ബില്‍ഡിങ്ങില്‍ 2019ലെ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയിരുന്നു ചിത്തരേശ് നടേശന്‍. വേള്‍ഡ് ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വെള്ളിമെഡല്‍ ജേതാവാണ് ഷിനു ചൊവ്വ
ഇരുവരെയും സായുധസേനയില്‍ ഇന്‍സ്‌പെക്ടറുടെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ട്ടിച്ച് നിയമിക്കാനായിരുന്നു മന്ത്രിസഭായോഗ തീരുമാനം.ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ തുടര്‍ന്നുവരുന്ന സ്ഥിരം ഒഴിവില്‍ ഇവരുടെ നിയമനം ക്രമവല്‍ക്കരിക്കാനും തീരുമാനമുണ്ടായിരുന്നു.
എസ് ഐ മാരുടെ പ്രമോഷന്‍ തസ്തികയായ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നേരിട്ട് രണ്ടുപേര്‍ നിയമിക്കപ്പെടുന്നത് തങ്ങളുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്ന് എസ്‌ഐമാര്‍ പരാതി ഉന്നയിച്ചു. എസ്‌ഐ മാരുടെ രണ്ട് സ്ഥിരം ഒഴിവുകള്‍ ഇല്ലാതാകുമെന്ന പരാതി ഉദ്യോഗാര്‍ത്ഥികളും പോലീസുകാരും ഉയര്‍ത്തി.
താരതമ്യേന പ്രായം കുറവുള്ള ചിത്ത രേശനും ഷിനു ചൊവ്വയും ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നേരിട്ട് നിയമിക്കപ്പെടുന്നത് മറ്റ് വിവിധ റാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഭീഷണി ഉയര്‍ത്തും. ഇരുവരും സായുധസേനയില്‍ ഉദ്യോഗക്കയറ്റത്തിലൂടെ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തസ്തികയായ കമന്‍ഡാന്റ് ആയി കഴിഞ്ഞാല്‍ കുറെ നാളത്തേക്ക് എങ്കിലും മറ്റാര്‍ക്കും ആ തസ്തികയില്‍ എത്താന്‍ കഴിയുകയില്ല.
ചിത്തരേശ് നടേശന് 38 വയസ്സ് മാത്രമാണ് പ്രായം. ഷിനു ചൊവ്വയ്ക്കാകട്ടെ 28 വയസ്സ് മാത്രമേയുള്ളൂ.എറണാകുളം വടുതല സ്വദേശിയാണ് ചിത്തരേശ് നടേശന്‍. തിരുവനന്തപുരം സ്വദേശിയാണ് ഷിനുചൊവ്വ.
പിന്‍വാതില്‍ നിയമനം വിവാദമായതോടെയാണ് അഡിഷണല്‍ ഡിജിപി അജിത് കുമാറിന്റെ അധിക തസ്തികയ്ക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. നേരത്തെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ഡിജിപി സ്ഥാനത്തു നിന്നും ആരോപണങ്ങളെ തുടര്‍ന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. ശബരിമല കോര്‍ഡിനേറ്റര്‍ സ്ഥാനവും വിവാദങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന് നഷ്ടപ്പെടുകയുണ്ടായി.