തെരഞ്ഞെടുപ്പ് അപകടം മണത്തു; ടോൾ പ്ലാസകളിൽ നിരക്കു വർധനയില്ല

Written by Taniniram1

Published on:

സേലം – കൊച്ചി ദേശീയപാതയിൽ വാളയാർ – പാമ്പാംപള്ളം, പന്നിയങ്കര ടോൾ പ്ലാസകളിൽ നേരത്തെ പ്രഖ്യാപിച്ച നിരക്കു വർധന നടപ്പാക്കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടു നിരക്കുവർധന തൽക്കാലം ഒഴിവാക്കാനാണു കേന്ദ്രസർക്കാർ നിർദേശം. ടോൾ പ്ലാസ കമ്പനികൾക്ക് ഇതു സംബന്ധിച്ച ഉത്തരവും ലഭിച്ചു. തിരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ശേഷം നിരക്കു വർധിപ്പിക്കാനെടുത്ത തീരുമാനം നടപ്പാക്കരുതെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ദേശീയപാത അതോറിറ്റിയേ‍ാട് ആവശ്യപ്പെട്ടതു കൂടി പരിഗണിച്ചാണു നടപടി. രണ്ടു ടോൾ പ്ലാസകളിലും ഇന്നലെ വാഹനങ്ങൾ പഴയ നിരക്കിലാണു പോയത്.

വാളയാർ പാമ്പാംപള്ളം, പന്നിയങ്കര ടോൾ പ്ലാസകളിൽ മാർച്ച് 31ന് അർധരാത്രി മുതൽ നിരക്കുവർധന നടപ്പാക്കുമെന്നു ടോൾ നടത്തിപ്പു ചുമതലയുള്ള കമ്പനികൾ നേരത്തെ അറിയിച്ചിരുന്നു. നിരക്കു വിവരങ്ങളും പ്രസിദ്ധീകരിച്ചു. 31നു രാത്രി 12 മുതൽ പുതിയ ഫീസ് നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ അതിനുള്ള ഉത്തരവു ലഭിക്കാഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി. അതിനാൽ ടോൾ പ്ലാസകളിൽ പഴയ നിരക്കു തുടർന്നു.

നിരക്കു കൂട്ടുന്നതിനെതിരെ പന്നിയങ്കരയിൽ വലിയ പ്രതിഷേധം നടന്നിരുന്നു. വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടതു തുരങ്കം കോൺക്രീറ്റിങ്ങിനായി അടച്ചതേ‍‍ാടെ നിരക്കു കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം പുതിയ നിരക്കു നടപ്പാക്കുമെന്നാണു കമ്പനി അധികൃതർ നൽകുന്ന വിവരം.

Leave a Comment