Tuesday, October 28, 2025

പിതാവിന്റെ സ്വത്ത് ഭാഗം വയ്ക്കണമെന്നാവശ്യപ്പെട്ട് പെണ്‍മക്കളുടെ ശല്യം; ഗതികെട്ട് നാല് കോടിയുടെ സ്വത്തുക്കള്‍ അമ്മന്‍ ക്ഷേത്രത്തിന് എഴുതി നല്‍കി പിതാവ്

Must read

ചെന്നൈ: തമിഴ്‌നാട്ടിലെ അരുൾമിഗു രേണുഗാംബാൽ അമ്മൻ ക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ, സാധാരണയായി പണമായി കാണിക്കയായി നൽകുന്ന തുക, രണ്ട് മാസത്തിലൊരിക്കൽ എണ്ണിത്തിട്ടപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രം ഭണ്ഡാരം തുറന്നപ്പോൾ അധികൃതര്‍ ഞെട്ടിപ്പോയി. കാരണം ഒരു വസ്തുവിന്‍റെ ആധാരവും അത് ഇഷ്ടദാനം ചെയ്യുകയാണെന്ന കുറിപ്പുമാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്. 4 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വത്തുക്കളുടെ രേഖകളാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ ആരാണി പട്ടണത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ്. വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ചത്. സ്വത്തിന് വേണ്ടിയുള്ള പെൺ മക്കളുടെ സമ്മര്‍ദ്ദം മുറുകിയപ്പോള്‍ സ്വത്ത് ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാലുകോടി രൂപ വിലമതിക്കുന്ന സ്വത്ത് ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്.

കരസേനയില്‍ നിന്ന് വിരമിച്ച വിജയന്‍ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചുതാമസിക്കുകയാണ്. രണ്ടു പെണ്‍മക്കളുടെ കല്യാണം നേരത്തെ കഴിഞ്ഞു. ചെന്നൈയിലും വെല്ലൂരിലുമാണ് ഇവര്‍ താമസിക്കുന്നത്. സ്വത്ത് എഴുതിത്തരണം എന്നുപറഞ്ഞ് പെണ്‍മക്കള്‍ നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാളുടെ ഭക്തനായ വിജയന്‍ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടും സ്ഥലവുമാണ് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ”എന്‍റെ മക്കൾ ദൈനംദിനച്ചെലവുകൾക്ക് പോലും എന്നെ ആശ്രയിച്ചു. ഞാൻ വാക്ക് മാറാൻ പോകുന്നില്ല. ക്ഷേത്ര അധികൃതരുമായി കൂടിയാലോചിച്ച ശേഷം സ്വത്തുക്കൾ നിയമപരമായി ക്ഷേത്രത്തിന് കൈമാറും” വിജയൻ പറഞ്ഞു. ക്ഷേത്രത്തിൽ സമർപ്പിച്ച രേഖകളിൽ ശ്രീകോവിലിനടുത്തുള്ള 10 സെന്‍റ് സ്ഥലത്തിന്‍റെയും ഒരു നില വീടിന്‍റെയും രേഖകളുണ്ട്. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെ ചോദിക്കാന്‍ വിജയന്‍റെ ഭാര്യയും മക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഭണ്ഡാരത്തിലിട്ട സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നതാണ് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article