Monday, March 31, 2025

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ എതിർത്ത് ശങ്കരാചാര്യന്മാർ; 40 ദിവസത്തെ പൂജ പ്രഖ്യാപിച്ച് കാഞ്ചീപുരം മഠാധിപതി

Must read

- Advertisement -

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ആചാരലംഘനം ആരോപിച്ച് നാല് ശങ്കരാചാര്യന്മാർ വിട്ടുനിൽക്കുന്നതിനെ പ്രത്യേക പൂജ അടക്കമുള്ള പ്രാർഥന പരിപാടികൾ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ കാഞ്ചീപുരം മഠാധിപതി. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ചാണ് കാശിയിലെ യാഗശാലയിൽ 40 ദിവസത്തെ പ്രാർഥന പരിപാടി നടക്കുക. കാഞ്ചി കാമകോടി മഠം ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി സ്വാമികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷ്മികാന്ത് ദീക്ഷിത് അടക്കമുള്ള വേദ പണ്ഡിതരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 മുതൽ 40 ദിവസം പ്രത്യേക പൂജ അടക്കമുള്ള പ്രാർഥനകളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി പരിശ്രമിക്കുകയാണെന്നും കാഞ്ചീപുരം മഠാധിപതി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബി.ജെ.പിയും സംഘ്പരിവാറും ചേർന്ന് പണിതീരാത്ത ക്ഷേത്രത്തിൽ 22ന് നടത്തുന്ന പ്രതിഷ്ഠ ചടങ്ങ് മതാചാരങ്ങൾക്ക് വിരുദ്ധമായതിനാൽ വിട്ടുനിൽക്കാനാണ് ആദിശങ്കരൻ സ്ഥാപിച്ച ബദരീനാഥ്, ശൃംഗേരി, ദ്വാരക, പുരി മഠങ്ങളിലെ ശങ്കരാചാര്യന്മാരുടെ തീരുമാനം. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള ചടങ്ങുകളാണെന്ന അഭിപ്രായവും മഠാധിപതിമാർക്കുണ്ട്. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിനൊപ്പമാണ് ഹൈന്ദവ ആത്മീയാചാര്യന്മാരുടെ വിട്ടുനിൽക്കൽ. രാമക്ഷേത്ര പ്രതിഷ്ഠക്ക് ഇവർ എതിരല്ല. എന്നാൽ, മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.

പല കാരണങ്ങളാണ് ശങ്കരാചാര്യന്മാർ പറയുന്നത്. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ പാടില്ല. പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ഈ ചടങ്ങിനെ നയിക്കേണ്ടത്. പരമ്പരാഗത ക്ഷേത്ര നിർമാണ, വിഗ്രഹ പ്രതിഷ്ഠാ രീതികൾക്കും സനാതന ധർമശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങ്. ആത്മീയതക്കല്ല ഊന്നൽ. ഇത്തരമൊരു പരിപാടിക്കുമുമ്പ് ആത്മീയ നേതാക്കളെന്ന നിലയിൽ ബന്ധപ്പെട്ടവരോട് കൂടിയാലോചന നടത്തിയില്ല. ഹിന്ദുവികാരം ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പൗഷമാസം പറ്റിയതല്ല.

See also  അയോദ്ധ്യ ശ്രീരാമ ക്ഷേത്രം : പൂജിച്ച അക്ഷതം കൈമാറി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article