വയനാട് (Wayanad) : ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്കായി വീടൊരുങ്ങുന്നു. ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് നിർമിച്ച് നൽകുന്നത്. ഇന്ന് 11 മണിയോടെ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. പതിനൊന്നര സെന്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടൊരുങ്ങുന്നത്.
ജീവിതത്തിൽ വലിയ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ശ്രുതിയ്ക്കായി നിരവധി സഹായങ്ങളാണ് എത്തിച്ചേരുന്നത്. വീട് നിർമിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ പത്ത് ലക്ഷം രൂപ എംഎൽഎ ടി സിദ്ദിഖിന് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ശ്രുതിക്ക് ആറ് മാസത്തെ സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്ത് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നൽകുമെന്നാണ് അന്ന് അറിയിച്ചത്. ശ്രുതിയുടെ ചികിത്സയ്ക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്ന് ലക്ഷം രൂപയും വാഗ്ദ്ധാനം ചെയ്തിരുന്നു.ശ്രുതിയുടെ ചൂരൽമലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂർത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്.
ദുരന്തത്തിൽ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടിരുന്നു. പുതിയ വീടും നഷ്ടപ്പെട്ടു. ഒടുവിൽ താങ്ങും തണലുമായി എത്തിയ പ്രതിശ്രുതവരൻ ജെൻസണിനെയും വാഹനാപകടത്തിൽ ശ്രുതിക്ക് നഷ്ടമാകുകയായിരുന്നു.