കൊല്ലം (Kollam) : ഏഴുവയസുകാരിക്ക് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ ഒരുമാസം മുന്‍പാണ് നായ കടിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. (A seven-year-old girl has contracted rabies despite being vaccinated. The girl, a native of Kunnikode, Kollam, was bitten by a dog a month ago. The girl is undergoing treatment at the Thiruvananthapuram SAT Hospital.) ഏപ്രില്‍ 12-നാണ് കുട്ടിയെ നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തു.
അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നല്‍കിയിരുന്നു. പിന്നീട് മൂന്നുതവണ കൂടി ഐഡിആര്‍ബി നല്‍കി. മെയ് 6-ന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയാണ് ഏറ്റതെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ കടിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ, അത് കുട്ടിയെ കടിച്ചശേഷം എങ്ങോട്ട് പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
അടുത്തിടെ മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിക്ക് ഐഡിആര്‍ബി വാക്സിന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതിരോധ വാക്സിന്‍ എടുത്ത ശേഷവും കുട്ടി പേവിഷബാധയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിച്ചത്.