നെഞ്ചുരുകി ആൻ റിഫ്റ്റയുടെ അച്ഛൻ
ഈ കലോത്സവത്തിന് എന്റെ കുട്ടിയും വരേണ്ടതായിരുന്നു. ദൈവം അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് തന്നില്ല. കുസാറ്റ് ദുരന്തത്തിൽ മരിച്ച മകളെ കുറിച്ച് പറഞ്ഞപ്പോൾ ആ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു, പറഞ്ഞുതീർക്കാനാതെ വിങ്ങിപ്പൊട്ടി. ചവിട്ടുനാടകസംഘങ്ങൾ വേദിയിൽ പലവേഷങ്ങളിൽ തകർത്താടുമ്പോഴെല്ലാം അരങ്ങിൽ രാജകുമാരിയായി നൃത്തമാടിയ തന്റെ മകളെക്കുറിച്ചോർത്ത് ആ അച്ഛൻ ഇടയ്ക്കിടെ കണ്ണുകൾ തുടച്ചുകൊണ്ടേയിരിക്കുകയായിരുന്നു.
ആൻ റിഫ്റ്റ മരിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് അവളുടെ അച്ഛൻ റോയ് ജോർജും സഹോദരനും സംഘവും ചേർന്ന് പരിശീലിപ്പിച്ച ഏഴോളം ചവിട്ടുനാടക സംഘങ്ങൾ സംസ്ഥാനകലോത്സവ വേദിയിലെത്തിയത്. എച്ച്.എസ് വിഭാഗത്തിൽ അഞ്ച് ടീമിനേയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് രണ്ട് ടീമിനേയുമാണ് റോയ് ജോർജിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചത്. ചവിട്ടുനാടക മത്സരത്തിന്റെ ആദ്യദിനത്തിൽ ഇതിൽനിന്നുള്ള അഞ്ച് സംഘങ്ങളാണ് മാറ്റുരയ്ക്കുന്നത്.
പെങ്ങളുടെ ഓർമകളിൽ വിങ്ങിപ്പൊട്ടുകയാണ് സഹോദരൻ റിദുലും. ഐ.സി.എസ്.ഇ ആയതിനാൽ ആൻ റിഫ്റ്റയ്ക്ക് സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ എന്തായാലും കലോത്സവത്തിന് വരണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു അവൾ. പക്ഷെ ആഗ്രഹങ്ങളൊന്നും പൂർത്തിയാക്കാതെ അവൾ പോയി. അവൾ ഇട്ടുകൊടുക്കേണ്ട മേക്കപ്പാണ് ഇന്ന് താൻ ഈ കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതെന്ന് റിദുൽ പറഞ്ഞു. രാജകുമാരിയായും തോഴിയായും ഭടനായുമെല്ലാം കുട്ടികളെ ഒരുക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ആൻ റിഫ്റ്റയാണോ എന്നുപോലും തോന്നിപ്പോകുന്നുണ്ട്. ചവിട്ടുനാടകത്തിൽ പങ്കെടുക്കുന്ന കുട്ടികളെ ഒരുക്കുന്ന ഗ്രീൻ റൂമിൽ ആൻ റിഫ്റ്റയുടെ ചിത്രവും ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാനായില്ലെങ്കിലും സ്വർഗത്തിൽ ഇരുന്ന് ആൻ റിഫ്റ്റ എല്ലാം കാണുന്നുണ്ടെന്നാണ് വിശ്വാസം- റിദുൽ പറഞ്ഞു.